Wednesday, October 1, 2008

സ്വപ്നാടനം

സഖീ....നിലാവ് ചിത്രകംബളം നീര്‍ത്തുമീരാവിന്‍റെ മണിമാറിലൂടെ......

പൊന്നോളകൈകളാല്‍ മാടിവിളിക്കുമീനിളയുടെ തീരത്തിലൂടെ.....

കയ്യോടു കൈ ചേര്‍ത്ത്, തോളോടു തോള്‍ ചേര്‍ന്ന്ഒത്തിരി ദൂരം നടക്കാം....

കാണാത്ത കഴ്ചകള്‍ ഒരുക്കിവെച്ചുനമ്മെ യാമിനി കാത്തിരിക്കുന്നു...

മുളംകാടുകള്‍ മുരളീരവം പൊഴിക്കുന്നനാട്ടിടവഴികളിലൂടെ.....

ഇളംകാറ്റില്‍ ഇളകിയാടികളിക്കുന്നമുല്ലപ്പടര്‍പ്പുകളിലൂടെ ........

പാതിരാപുള്ളുകള്‍ പരിഭവം പാടുന്നകാട്ടുപൊന്തകളിലൂടെ.....

രാവെളിച്ചം വെണ്‍ തൂവലായ് പൊഴിയുന്നപാടവരമ്പുകളിലൂടെ......

രജനിപതംഗങ്ങള്‍ രാഗരസം തേടുംരാസനികുഞ്ജങ്ങളിലൂടെ.....

ചിത്രോടക്കല്ലുകള്‍ മഞ്ഞളാടിനില്‍ക്കുംഇല്ലപറമ്പുകളിലൂടെ......

നിശാസുന്ദരിമാര്‍ പൊട്ടിച്ചിരിയുതിര്‍ക്കും പാലമരച്ചോട്ടിലൂടെ ........

നങ്ങ്യാര്‍ വട്ടങ്ങള്‍ നാണിച്ചുനില്‍ക്കുംഅമ്പല പറമ്പിലൂടെ......

സ്വപ്നങ്ങള്‍ ഹംസങ്ങളായ് നീന്തിത്തുടിക്കും പൂപൊയ്ക പടവുകളിലൂടെ .....

തങ്കകിനാവുകള്‍ തപസ്സനുഷ്ഠിക്കുംപാരിജാതങ്ങള്‍ക്കിടയിലൂടെ......

എന്നോ നമ്മള്‍ കണ്ടുമറന്നൊരാ....സുന്ദരവനഭുവില്‍ അണയാം......

മന്വന്തരങ്ങള്‍ക്കപ്പുറത്തെന്നോ, നമ്മളുപേക്ഷിച്ചകാലടിപ്പാടുകള്‍ തേടാം......

കാലം പഴക്കിയ നമ്മുടെ പ്രണയകുടീരത്തില്‍ ഒരുപിടിപൂക്കളര്‍പ്പിക്കാം

അന്നു പകരാന്‍ കഴിയാതെ പോയ സ്നേഹത്തിന്‍ സോമരസം പകര്‍ന്ന്നമുക്കു

ജീവിക്കാം......വീണ്ടും മരിക്കാം.....വീണ്ടും പുനര്‍ജ്ജനിക്കാം

Wednesday, September 24, 2008

കരിവളപ്പൊട്ടുകള്‍

ഞാന്‍ തേടുകയാണ്.....ഈ ക്ഷേത്രാങ്കണത്തില്‍
കാലം മായ്ച്ച നമ്മുടെ കാലടിപ്പാടുകള്‍.......
ഞാന്‍ തിരയുകയാണ്......ഈ പ്രദക്ഷിണവീഥിയില്‍.....
നിന്‍ മുടിയില്‍നിന്നൂര്‍ന്നു വീണ
എന്‍ കനവുകളാം നങ്ങ്യാര്‍വട്ടപ്പൂക്കള്‍...



പഴമയുടെ കറുപ്പുമാഞ്ഞ കല്പടവില്‍,
ചിതലരിച്ച കൂത്തുമാടത്തില്‍,
നീരുവറ്റിയ ആമ്പല്‍ക്കുളപ്പടവില്‍,
ഞാന്‍ തിരയുകയാണ്........
എന്‍ കൈക്കുള്ളില്‍ ഞെരിഞ്ഞമ്മര്‍ന്ന.....
നിന്‍ കൈത്തണ്ടയെ മുറിവേല്പിച്ച്........
മണ്ണില്‍ വീണുച്ചിതറിയ കരിവളപ്പൊട്ടുകള്‍....


എനിക്കറിയാം........
എന്നെങ്കിലും നി ഈ വഴിവരാത്തിരിക്കില്ല....
അന്നു നീ മനസ്സില്‍ ഉറക്കിക്കെടുത്തിയ ഓര്‍മ്മകള്‍.....
ഉണരാതിരിക്കില്ല.....
ഒരു നിമിഷം ........ഒരു നിമിഷമെങ്കിലും.....
നീ വിതുമ്പാതിരിക്കില്ല.........
അന്നെങ്കിലും എന്‍റെ പ്രണയം ജയിക്കാതിരിക്കില്ല..............

Tuesday, September 16, 2008

അമ്മേ...

അമ്മേ.......
അമ്മേ.....നിന്‍ നെഞ്ചിലെ
പാലമൃതുതുണണുവാന്‍
എനിക്കിന്നും തീരാത്ത മോഹം

അമ്മേ.......
നിന്‍ താരാട്ടു പാട്ടുകേട്ടുറങ്ങുവാന്‍
എനിക്കിന്നും തീരാത്ത മോഹം
ഒരിക്കലും തീരാത്ത മോഹം

അമ്മേ.......
നിന്‍ കൈവിരല്‍ തുമ്പു
പിടിച്ചൊന്നുപിച്ച വെച്ച് നടക്കാന്‍.......
അടിതെറ്റിവീഴൂംമ്പോള്‍
വാരിയെടുത്ത്മാറോടുചേര്‍ത്തു
നീ നല്കും സ്നേഹലാളനങ്ങള്‍
ഏറ്റുവാങ്ങാന്
‍എനിക്കിന്നും തീരാത്ത മോഹം
ഒരിക്കലും തീരാത്ത മോഹം

ബാല്യത്തില്‍
നീ എന്നിലോതിയ വാക്കുകള്‍
ജീവിതവീഥിയില്‍ പൂക്കളായി

മുറ്റത്തെ അരളിത്തണ്ടാല്‍
നീ നല്‍കിയ വേദന, തേനൂറും ഓര്‍മ്മയായ്

അകലെയാണറിയാം...
എങ്കിലുമാ,മടിയില്‍തലചായ്ച്ചുറങ്ങാന്‍
മനം കൊതിക്കയായി
എന്നെ കാണുമ്പോഴും,
ഞാനകലുമ്പോളുംനിന്‍ കണ്ണില്‍ നിറയുന്നു
നീര്‍ മുത്തുകള്‍
ആ ചെറുകണത്തിലെ സ്നേഹമളക്കാന്
‍കഴിയുമൊ, വിശ്വസ്രഷ്ടാവിനും.......

ദിനവും നിന്‍ പാദം
മനസ്സാലെ വന്ദിച്ചുതുടരുന്നു ഞാനീയാത്ര...
നിന്‍ മനം നൊന്ത പ്രാര്‍ത്ഥനയാണല്ലോ.....
എന്നും എന്‍റെ സുരക്ഷ.....
എന്നില്‍ ഒരിറ്റു നന്മയുണ്ടങ്കില്‍
അതമ്മേ നീ നല്‍കിയ ഭിക്ഷ.......